Monday 21 July 2014

ഞാൻ എന്ന റസൂൽ !

"അന്നയും റസൂലും" ആറാമത്തെ തവണ കണ്ടു.

എന്റെ പ്രണയത്തിൽ ഒരു റസൂലായിരുന്നില്ല ഞാൻ,
എങ്കിലും ഞാൻ ഒരിക്കൽ ഒരാൾക്‌ വേണ്ടി റസൂൽ ആയിട്ടുണ്ട്‌..

കരിഷ്മ കപൂറിന്റെ ലുക്കുണ്ടവൾക്‌ എന്നു പറഞ്ഞു കാണിച്ച്‌ കൊടുത്തപ്പോ,
ഏത്‌ ഭാഗം കൊണ്ടെന്നു ചോദിച്ച പ്രിയ സുഹൃത്ത് പ്രിയൻ ആദ്യമെന്നെ നിരുത്സാഹപ്പെടുത്തി..

പിറകെ ദാ അബുവും കോളും വരുന്നു, അവളുടെ പിറകെ നടക്കുന്ന സ്കൂളിലെ പ്രസിദ്ദരുടെ  ലിസ്റ്റുമായി.. ഞാൻ തളരുമോ.. ലോകത്ത്‌ തളരാത്ത ഒരു തൊഴിലാളി വർഗ്ഗമുണ്ടെങ്കിൽ അത്‌ കാമുകന്മാരാകും..

എന്റെ പ്രേമം കൂടുതൽ ശക്തിയാർജ്ജിച്ച്‌ ഓടിത്തുടങ്ങി..
അവൾ കയറുന്ന ബസ്സിൽ,
ഇറങ്ങുന്ന സ്റ്റോപിൽ,
നടക്കുന്ന വഴിയിൽ,
വീടിനു മുന്നിലെ കാസറ്റ്‌ കടയിൽ,
കോളേജിനു മുന്നിലെ സ്റ്റുഡിയോയിൽ..

ആ കണ്ണുകളിൽ നോക്കിയത്‌ പറയാനുള്ള ധൈര്യം എന്നിലെ റസൂലിനുണ്ടായില്ല..
ഈ കഥയിലെ റസൂലിന്റെ കൂട്ടുകാരൻ അബു, നിസാമിനോട്‌ ഞാൻ കാര്യം പറഞ്ഞു..

വെട്ടൊന്നു മുറി രണ്ട്‌ എന്ന ഫിലോസഫി കൊണ്ട്‌ നടക്കുന്നവനെ
ആണല്ലോ അബു എന്നു വിളിക്കപ്പെടുന്നത്‌..


കൂടൽമാണിക്യം അംബലനടയിൽ വച്ചായിരുന്നു ആ മംഗള കർമ്മം നടന്നത്‌..

ഗാനമേളയുടെ പിരിവിനു വിൻസെന്റ്‌ ചേട്ടന്റെ സൈക്കിൾ കടയിൽ നിൽകുകയായിരുന്നു ഞങ്ങൾ രണ്ടും, താഴോട്ട്‌ നോക്കി വേഗത്തിൽ നടക്കുകയായിരുന്ന അവളെ കണ്ടതും, ഒരു പ്രകോപനവും ഇല്ലാതെ അവൻ ചാടി കുറുകെ നിന്നു.. അംബരന്നു നിന്ന എന്നെ ചൂണ്ടിക്കാണിച്ച്‌ അവൻ പറഞ്ഞു..

"ടീ, അവനു നിന്നെ ഇഷ്ടമാണെന്നു.."

നിർവ്വികാരതയോടെ എന്നെ ഒന്നു നോക്കിയിട്ടവൾ നടന്നകന്നു..
നേരിട്ട്‌ പറയാൻ ധൈര്യമില്ലാത്ത കാമുകന്റെ മനോവേദനയുമായി ഞാൻ അത്‌ നോക്കി ഞാൻ നിന്നു..

എതോ യുദ്ദം ജയിച്ച യോദ്ദാവിനെ പോലെ നിസാം എന്നോട്‌ പറഞ്ഞു..

"പോരെ..?? .. നീ നോക്കിക്കോ മോനെ.. ഇന്നവൾക്‌ ഉറക്കമുണ്ടാകില്ല..
ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത്‌ കേട്ട്‌ കോരിത്തരിച്ച്‌ ഞാനന്നു ഉറങ്ങാതെ സ്വപ്നം കണ്ടു.. അന്നു രാത്രി,
ഞങ്ങളൊരുമിച്ച്‌ മാസിൽ മാറ്റിനിക്ക്‌ പോയി, അവിടെ വച്ച്‌ ഞാനവൾകെന്റെ പ്രണയം കൈമാറി.. ആ ചുരുൾമുടിക്കെട്ടിൽ നിന്നാ തട്ടം പിടിച്ചിറക്കിയിട്ടു, കാണാൻ ആഗ്രഹിച്ച ആ ജുംക കമ്മലിൽ ഞാനൊന്ന് തൊട്ടു. ഒരു ഇലെക്റ്റ്രിക് ഷോക്ക് കയ്യിലൂടെ കടന്നു പോയി.. ആ ഷോക്കിൽ ഞെട്ടിയെണീറ്റ്‌ നിസാമിനെ വിളിച്ചു..

സീൻ പതിനാറ്,
സ്കൂൾ അങ്കണം,
ആലിന്റെ ചുവട്ടിൽ ...

"നീ കളിക്കല്ലേ, കാര്യം എന്താച്ചാ പറ..."

വെള്ളിയാഴ്ച വെട്ടിയ നഖം വീണ്ടും കടിച്ച് കടിച്ച് വിരലിൽ കടിച്ചിട്ടും അവൻ മിണ്ടിയില്ല..

"അവൾക് വേറെ ലൈൻ ഇണ്ടാ.. ഇണ്ടെങ്കിൽ പറഞ്ഞോ .. എനിക്ക് വിഷമം ഒന്നുല്ല്യ.. അവൾ സന്തോഷായിട്ട് ഇരുന്നാ മതി"

ഒരാവേശതിനു, അടുത്തിടെ കണ്ട ഏതോ തമിഴ് പടത്തിൽ വിജയ്‌ പറഞ്ഞ ഡയലോഗിന്റെ കഷണം തിരുകി ഞാൻ ഒരു ശ്രമം നടത്തി.

"അളിയാ എന്നോടൊന്നും തോന്നരുത്, എനിക്കിഷ്ടം ഇണ്ടായിട്ടല്ല, പിന്നെ നീ പറഞ്ഞ പോലെ അവൾ സന്തോഷം ആയിരുന്നോട്ടെ എന്ന് കരുതിയാണ്.. അവൾക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ തടയാൻ നില്കാഞ്ഞത്.."

എന്റെ ആവേശം എടുത്തെന്റെ തലക്കടിച്ച, അവൻ മിണ്ടാതെ നടന്നു പോയി..
അവിടെ അടുത്ത് ഒരു കുളമോ, കിണറോ ഉണ്ടായിരുന്നെങ്കിൽ എന്റെ ലവ് സ്റ്റോറി അതിൽ അവസാനിച്ചേനെ.. ആ ആൽമരത്തിൽ നിന്നെവിടെന്നോ അവന്റെ ആ മഹദ് വചനങ്ങൾ അശരീരിയായി എന്റെ കാതിൽ വന്നടിച്ചു ..

"ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത് തന്നെ സംഭവിച്ചു!
പിന്നീടാ കാട്ടിൽ റസൂലിനെ ആരും കണ്ടിട്ടേയില്ല!

No comments:

Post a Comment